Tuesday, July 6, 2010

വീണ്ടുമൊരു ജലമാമാങ്കത്തിനു കുട്ടനാടു കാതോര്‍ക്കുകയാണു...








കുട്ടനാടിന്റെ ഓളപ്പരപ്പിലൂടെ ശരവേഗത്തില്‍ കുതിക്കുന്ന ജലരാജാക്കന്മാര്‍ എതൊരുമനുഷ്യനിലും ആനന്ദത്തിന്റെ നവ്യാനുഭൂതി നിറയ്ക്കുന്ന വിസ്മയക്കാഴ്ച്ച. ആലപ്പുഴയുടെ ആവേശമാണ ജലമേളകള്‍ ,ജീവിതവും ശ്വാസവുമാണ് .പൊന്‍ കതിരുകളും കായലോളങ്ങളും തെങ്ങോലകളും താരാട്ടു പാടുന്ന കുട്ടനാടിന്റെ മനസ്സ് മണ്ണിനൊപ്പമാണു..।മണ്ണില്‍ പൊന്നു വിരിയിക്കുന്ന അദ്ധ്വാന ശീലരായ മനസ്സുകളാണു കേരളത്തിന്റെ നെല്ലറയുടെ ആത്മാവ് .।



കുട്ടനാടിന്റെ കാതുകളില്‍ നിറയുന്നത് വഞ്ചിപ്പാട്ടിന്റെ ഈണങ്ങളാണ്,ഞാറ്റുപാട്ടിന്റെ താളങ്ങളാണ്.പുഴകളും കായലും വയലേലകളും സ്നേഹത്തിന്റെ വസന്തം വിരിയിക്കുന്ന ഈ ഭൂമികയില്‍ ആത്മവിശ്വാസത്തിന്റെ കരുത്തും ആത്മസമര്‍പ്പണത്തിന്റെ തിരയിളക്കുവുമാണു ഓരോ ജലോത്സവവും.। ।



ചെമ്പകശ്ശേരിമഹാരാജാവ് യുദ്ധാവശ്യങ്ങള്‍ക്കു ഉപയോഗിച്ച യാനങ്ങളാണു ചുണ്ടന്‍ വള്ളങ്ങളെന്നതു ചരിത്രം।. ।।കായംകുളം രാജാവിനെതിരെയുള്ള യുദ്ധത്തില്‍ നൂറില്‍ പരം തുഴച്ചില്‍കാര്‍ അണിനിരന്ന ഈ ജലവാഹനം ചെമ്പകശ്ശേരി രാജാവിന്റെ വിജയത്തില്‍ നിര്‍ണായകമായ പങ്കു വഹിച്ചു.।കേരളീയ കരവിരുതിന്റെ ശ്രേഷ്ടമായ ആവിഷ്കാരം കൂടിയാണു പടക്കപ്പല്‍ എന്നു അറിയപ്പെട്ടിരുന്ന ചുണ്ടന്‍ വള്ളങ്ങളുടെ ജനനം .।।



ഓളപ്പരപ്പില്‍ നയമ്പുകള്‍ വിസ്മയത്തിന്റെ പൂരം തീര്‍ക്കുമ്പോള്‍ കുട്ടനാടിനു മറക്കാനാവാത്ത മുഖമാണു ചുണ്ടന്‍ വള്ളങ്ങളുടെ രാജശില്‍പ്പി കോയില്‍ മുക്കു നാരായണന്‍ ആചാരി...കുട്ടനാടിന്റെ ഓളപ്പരപ്പില്‍ ഇതിഹാസങ്ങള്‍ രചിച്ച പ്രമുഖ ചുണ്ടന്‍ വള്ളങ്ങളില്‍ ഏറിയപങ്കും നാരായണന്‍ ആചാരിയുടെ തച്ചു ശാസ്ത്ര വൈദഗ്ദ്യത്തിന്റെ മായാത്ത കാഴ്ച്ചകളാണു। ।ഓരോ വള്ളം കളിയും കുട്ടനാടിനു വിജയവും തോല്‍വിയും നിരാശയും കണ്ണീരും പുഞ്ചിരിയും പ്രതീക്ഷയും നിറഞ്ഞ നിമിഷങ്ങളാണു സമ്മാനിക്കുക।



ചമ്പക്കുളം ജലോല്‍സവവും പായിപ്പാടു ജലോല്‍സവവും അനുഷ്ഠാനമേളകളാണെങ്കില്‍ ലോകം ഉറ്റുനോക്കുന്ന പുന്നമട കായലിന്റെ വിരിമാറില്‍ അരങ്ങേറുന്ന ജലമാമാങ്കം നെഹ്രു ട്രോഫിക്കുമുണ്ടു വര്‍ ണാഭമായ ചരിത്രം ।1952 ല്‍ ആലപ്പുഴ സന്ദര്‍ശിച്ച ഭാരതത്തിന്റെ പ്രധാനമന്ത്രിക്കു വേണ്ടി നടത്തിയ പ്രദര്‍ശന മത്സരത്തില്‍ വിജയിച്ച നടുഭാഗം ചുണ്ടനില്‍ നെഹ്രു കയറുകയും അദ്ദേഹം സമ്മാനിച്ച ട്രോഫി പിന്നീടു നെഹ്രു ട്രോഫി ആയി മാറുകയും ചെയ്തു। ।എല്ലാ വര്‍ഷവും ആഗസ്റ്റ് മാസത്തിലെ രണ്ടാം ശനിയാഴ്ചയാണു നെഹ്രു ട്രോഫി ജലോല്‍സവം നടക്കുന്നത്।ലോകമെമ്പാടുമുള്ള ജലോല്‍ സവ പ്രേമികളൂടെ നിലക്കാത്ത പ്രവാഹം കൂടിയാണു നെഹ്രുട്രോഫിയെ സമ്പന്നമാക്കുന്നതു.ആഭ്യന്തര വിദേശ വിനോദ സഞ്ചാരികള്‍ ക്കു എന്നും പ്രിയപ്പെട്ട കാഴ്ചയാണു പുന്നമടയുടെ ഈ ഒളിമ്പിക്സ് സമ്മാനിക്കുന്നതു.
പുളിങ്കുന്നു രാജീവ് ഗാന്ധി ജലോല്‍സവം ,പല്ലന കുമാരനാശാന്‍ മെമ്മോറിയല്‍ ജലോല്‍സവം ,മാന്നാര്‍ മഹാത്മ ജലോല്‍സവം ,നീരേറ്റുപുറം ജലോല്‍ സവം എന്നിവയാണു കുട്ടനാട്ടിലെ മറ്റു പ്രധാന ജലമേളകള്‍ .ഇതില്‍ പൊന്നിന്‍ ചിങ്ങമാസത്തിലെ തിരുവോണം ,അവിട്ടം ,ചതയം എന്നീ മൂന്നു ദിവസങ്ങളിലായി ആഘോഷിക്കുന്ന വള്ളം കളി എന്ന സവിശേഷതയുള്ള ജലമേളയാണു പായിപ്പാടു ജലോല്‍ സവം .



കുട്ടനാട്ടില്‍ ഒന്നര ഡസനോളം ചുണ്ടന്‍ വള്ളങ്ങള്‍ ഉണ്ടെങ്കിലും കുട്ടനാട്ടിലെ മിക്കവാറും എല്ലാജലമേളകളിലും ഹാട്രിക് സ്വന്തമാക്കിയ ചെറുതന ചുണ്ടന്‍ ,നെഹ്രു ട്രോഫിയില്‍ ഏറ്റവും അധികം ഹാട്രിക് സ്വന്തമാക്കിയ കാരിച്ചാല്‍ ,പോരാട്ട വീര്യം കൈമുതലായുള്ള പായിപ്പാട് ,ഏറ്റവും വലിയ ചുണ്ടന്‍ വെള്ളം കുളങ്ങര,ആയാപറമ്പു വലിയദിവാന്‍ജി, ആനാരി പുത്തന്‍ ചുണ്ടന്‍ ,ആയാപറമ്പു പാണ്ടി ,പച്ച ചുണ്ടന്‍ എന്നറിയപ്പെടുന്ന കരുവാറ്റ, ശ്രീ ഗണേഷ്,കരുവാറ്റ ശ്രീ വിനായകന്‍ , എന്നീ പത്തു ചുണ്ടന്‍ വള്ളങ്ങള്‍ അപ്പര്‍ കുട്ടനാടിന്റെ ഭാഗമായ അച്ചന്‍ കോവിലാറിന്റെ തീരത്താണു।ഇതില്‍ ചെറുതന പഞ്ചായത്തില്‍ മാത്രം നാലു ചുണ്ടന്‍ വള്ളങ്ങള്‍. മറ്റു ചുണ്ടന്‍ വള്ളങ്ങള്‍ കുട്ടനാടിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ളവയാണു.।



കുട്ടനാടിന്റെ വീരപുത്രന്‍മാരുടെ കൈകളില്‍ ഒരേ താളത്തില്‍ ഒരേ വേഗത്തില്‍ ചലിക്കുന്ന നയമ്പുകള്‍ ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും പ്രതീകങ്ങളാണു.।ഇവിടെ വര്‍ണ്ണ വര്‍ഗ്ഗ വ്യത്യാസങ്ങളില്ല.।ഒരേ മനസ്സും ഒറ്റ ലക്ഷ്യവുമായാണു കരിനാഗങ്ങളെപ്പോലെ ചാട്ടുളി വേഗത്തില്‍ വെല്ലുവിളികളെ വള്ളപാടിനു തുഴഞ്ഞു തോല്‍ പ്പിക്കുന്ന ചുണ്ടന്റെ കുതിപ്പ്.।।മനുഷ്യ മനസ്സില്‍ ജാതി മത വര്‍ഗ്ഗീയ ചിന്തകള്‍ പിടിമുറുക്കുന്ന വര്‍ത്തമാനകാല യാഥാര്‍ത്യത്തില്‍ ജലോല്‍സവങ്ങള്‍ക്കു നിര്‍ണായക പങ്കു വഹിക്കാനുണ്ട്।.


കുട്ടനാടിന്റെ നിഷ്കളങ്കതയും പച്ചവിരിപ്പും കടലും കായലും കയറും ഒപ്പം ആവേശത്തിന്റെ ആര്‍പ്പുവിളികളും നിറഞ്ഞ ജനമൈത്രിയുടെ ഉല്‍സവങ്ങള്‍ക്കു തുഴ വീഴുമ്പോള്‍ ആരാണു ആലപ്പുഴയുടെ എന്റെ കുട്ടനാടിന്റെ ഹൃദയത്തില്‍ അലിഞ്ഞു ചേരാത്തതു.... ।അതേ വീണ്ടുമൊരു ജലമാമാങ്കത്തിനു കുട്ടനാടു കാതോര്‍ക്കുകയാണു.................................


"കുട്ടനാടന്‍ പുഞ്ചയിലേ,


കൊച്ചുപെണ്ണേ കുയിലാളേ।"



ഓ തിത്തിതാരൊ തിത്തി തെയ് തിതെയ് തക തെയ് തെയ് തോം ...............