Saturday, October 16, 2010

മഴ.......



ഈ മഴ തഴുകുന്നു കുളിരിന്റെ തെന്നലായ്,
തീക്ഷ്ണമാം വാക്കിന്റെ മൂര്‍ച്ചയാം ശബ്ദമായ്..

വരളുന്ന നാവിനു നീരിന്റെ തുള്ളിയായ്,
വീചികള്‍ പാടുന്ന അരുവിതന്‍ തോഴിയായ്...

കുഞ്ഞിപ്പരല്‍ മീനിനുല്‍സവമേളമായ്,
ചേമ്പിലത്തുള്ളലിന്‍ താളപ്പെരുമയായ്..

പെയ്തൊഴിയാത്തമനസ്സിന്‍ വിഷാദമായ്,
തകര്‍ക്കുന്ന വര്‍ഷമായ്...

ഈ മഴ പിന്നെയും പെയ്യുന്നു, നിറയുന്നു,
ഓമല്‍ കിനാവിന്റെ ഓര്‍മ്മപ്പെടുത്തലായ്...



Copy Right (C) 2010 MaheshCheruthana

Tuesday, July 6, 2010

വീണ്ടുമൊരു ജലമാമാങ്കത്തിനു കുട്ടനാടു കാതോര്‍ക്കുകയാണു...








കുട്ടനാടിന്റെ ഓളപ്പരപ്പിലൂടെ ശരവേഗത്തില്‍ കുതിക്കുന്ന ജലരാജാക്കന്മാര്‍ എതൊരുമനുഷ്യനിലും ആനന്ദത്തിന്റെ നവ്യാനുഭൂതി നിറയ്ക്കുന്ന വിസ്മയക്കാഴ്ച്ച. ആലപ്പുഴയുടെ ആവേശമാണ ജലമേളകള്‍ ,ജീവിതവും ശ്വാസവുമാണ് .പൊന്‍ കതിരുകളും കായലോളങ്ങളും തെങ്ങോലകളും താരാട്ടു പാടുന്ന കുട്ടനാടിന്റെ മനസ്സ് മണ്ണിനൊപ്പമാണു..।മണ്ണില്‍ പൊന്നു വിരിയിക്കുന്ന അദ്ധ്വാന ശീലരായ മനസ്സുകളാണു കേരളത്തിന്റെ നെല്ലറയുടെ ആത്മാവ് .।



കുട്ടനാടിന്റെ കാതുകളില്‍ നിറയുന്നത് വഞ്ചിപ്പാട്ടിന്റെ ഈണങ്ങളാണ്,ഞാറ്റുപാട്ടിന്റെ താളങ്ങളാണ്.പുഴകളും കായലും വയലേലകളും സ്നേഹത്തിന്റെ വസന്തം വിരിയിക്കുന്ന ഈ ഭൂമികയില്‍ ആത്മവിശ്വാസത്തിന്റെ കരുത്തും ആത്മസമര്‍പ്പണത്തിന്റെ തിരയിളക്കുവുമാണു ഓരോ ജലോത്സവവും.। ।



ചെമ്പകശ്ശേരിമഹാരാജാവ് യുദ്ധാവശ്യങ്ങള്‍ക്കു ഉപയോഗിച്ച യാനങ്ങളാണു ചുണ്ടന്‍ വള്ളങ്ങളെന്നതു ചരിത്രം।. ।।കായംകുളം രാജാവിനെതിരെയുള്ള യുദ്ധത്തില്‍ നൂറില്‍ പരം തുഴച്ചില്‍കാര്‍ അണിനിരന്ന ഈ ജലവാഹനം ചെമ്പകശ്ശേരി രാജാവിന്റെ വിജയത്തില്‍ നിര്‍ണായകമായ പങ്കു വഹിച്ചു.।കേരളീയ കരവിരുതിന്റെ ശ്രേഷ്ടമായ ആവിഷ്കാരം കൂടിയാണു പടക്കപ്പല്‍ എന്നു അറിയപ്പെട്ടിരുന്ന ചുണ്ടന്‍ വള്ളങ്ങളുടെ ജനനം .।।



ഓളപ്പരപ്പില്‍ നയമ്പുകള്‍ വിസ്മയത്തിന്റെ പൂരം തീര്‍ക്കുമ്പോള്‍ കുട്ടനാടിനു മറക്കാനാവാത്ത മുഖമാണു ചുണ്ടന്‍ വള്ളങ്ങളുടെ രാജശില്‍പ്പി കോയില്‍ മുക്കു നാരായണന്‍ ആചാരി...കുട്ടനാടിന്റെ ഓളപ്പരപ്പില്‍ ഇതിഹാസങ്ങള്‍ രചിച്ച പ്രമുഖ ചുണ്ടന്‍ വള്ളങ്ങളില്‍ ഏറിയപങ്കും നാരായണന്‍ ആചാരിയുടെ തച്ചു ശാസ്ത്ര വൈദഗ്ദ്യത്തിന്റെ മായാത്ത കാഴ്ച്ചകളാണു। ।ഓരോ വള്ളം കളിയും കുട്ടനാടിനു വിജയവും തോല്‍വിയും നിരാശയും കണ്ണീരും പുഞ്ചിരിയും പ്രതീക്ഷയും നിറഞ്ഞ നിമിഷങ്ങളാണു സമ്മാനിക്കുക।



ചമ്പക്കുളം ജലോല്‍സവവും പായിപ്പാടു ജലോല്‍സവവും അനുഷ്ഠാനമേളകളാണെങ്കില്‍ ലോകം ഉറ്റുനോക്കുന്ന പുന്നമട കായലിന്റെ വിരിമാറില്‍ അരങ്ങേറുന്ന ജലമാമാങ്കം നെഹ്രു ട്രോഫിക്കുമുണ്ടു വര്‍ ണാഭമായ ചരിത്രം ।1952 ല്‍ ആലപ്പുഴ സന്ദര്‍ശിച്ച ഭാരതത്തിന്റെ പ്രധാനമന്ത്രിക്കു വേണ്ടി നടത്തിയ പ്രദര്‍ശന മത്സരത്തില്‍ വിജയിച്ച നടുഭാഗം ചുണ്ടനില്‍ നെഹ്രു കയറുകയും അദ്ദേഹം സമ്മാനിച്ച ട്രോഫി പിന്നീടു നെഹ്രു ട്രോഫി ആയി മാറുകയും ചെയ്തു। ।എല്ലാ വര്‍ഷവും ആഗസ്റ്റ് മാസത്തിലെ രണ്ടാം ശനിയാഴ്ചയാണു നെഹ്രു ട്രോഫി ജലോല്‍സവം നടക്കുന്നത്।ലോകമെമ്പാടുമുള്ള ജലോല്‍ സവ പ്രേമികളൂടെ നിലക്കാത്ത പ്രവാഹം കൂടിയാണു നെഹ്രുട്രോഫിയെ സമ്പന്നമാക്കുന്നതു.ആഭ്യന്തര വിദേശ വിനോദ സഞ്ചാരികള്‍ ക്കു എന്നും പ്രിയപ്പെട്ട കാഴ്ചയാണു പുന്നമടയുടെ ഈ ഒളിമ്പിക്സ് സമ്മാനിക്കുന്നതു.
പുളിങ്കുന്നു രാജീവ് ഗാന്ധി ജലോല്‍സവം ,പല്ലന കുമാരനാശാന്‍ മെമ്മോറിയല്‍ ജലോല്‍സവം ,മാന്നാര്‍ മഹാത്മ ജലോല്‍സവം ,നീരേറ്റുപുറം ജലോല്‍ സവം എന്നിവയാണു കുട്ടനാട്ടിലെ മറ്റു പ്രധാന ജലമേളകള്‍ .ഇതില്‍ പൊന്നിന്‍ ചിങ്ങമാസത്തിലെ തിരുവോണം ,അവിട്ടം ,ചതയം എന്നീ മൂന്നു ദിവസങ്ങളിലായി ആഘോഷിക്കുന്ന വള്ളം കളി എന്ന സവിശേഷതയുള്ള ജലമേളയാണു പായിപ്പാടു ജലോല്‍ സവം .



കുട്ടനാട്ടില്‍ ഒന്നര ഡസനോളം ചുണ്ടന്‍ വള്ളങ്ങള്‍ ഉണ്ടെങ്കിലും കുട്ടനാട്ടിലെ മിക്കവാറും എല്ലാജലമേളകളിലും ഹാട്രിക് സ്വന്തമാക്കിയ ചെറുതന ചുണ്ടന്‍ ,നെഹ്രു ട്രോഫിയില്‍ ഏറ്റവും അധികം ഹാട്രിക് സ്വന്തമാക്കിയ കാരിച്ചാല്‍ ,പോരാട്ട വീര്യം കൈമുതലായുള്ള പായിപ്പാട് ,ഏറ്റവും വലിയ ചുണ്ടന്‍ വെള്ളം കുളങ്ങര,ആയാപറമ്പു വലിയദിവാന്‍ജി, ആനാരി പുത്തന്‍ ചുണ്ടന്‍ ,ആയാപറമ്പു പാണ്ടി ,പച്ച ചുണ്ടന്‍ എന്നറിയപ്പെടുന്ന കരുവാറ്റ, ശ്രീ ഗണേഷ്,കരുവാറ്റ ശ്രീ വിനായകന്‍ , എന്നീ പത്തു ചുണ്ടന്‍ വള്ളങ്ങള്‍ അപ്പര്‍ കുട്ടനാടിന്റെ ഭാഗമായ അച്ചന്‍ കോവിലാറിന്റെ തീരത്താണു।ഇതില്‍ ചെറുതന പഞ്ചായത്തില്‍ മാത്രം നാലു ചുണ്ടന്‍ വള്ളങ്ങള്‍. മറ്റു ചുണ്ടന്‍ വള്ളങ്ങള്‍ കുട്ടനാടിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ളവയാണു.।



കുട്ടനാടിന്റെ വീരപുത്രന്‍മാരുടെ കൈകളില്‍ ഒരേ താളത്തില്‍ ഒരേ വേഗത്തില്‍ ചലിക്കുന്ന നയമ്പുകള്‍ ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും പ്രതീകങ്ങളാണു.।ഇവിടെ വര്‍ണ്ണ വര്‍ഗ്ഗ വ്യത്യാസങ്ങളില്ല.।ഒരേ മനസ്സും ഒറ്റ ലക്ഷ്യവുമായാണു കരിനാഗങ്ങളെപ്പോലെ ചാട്ടുളി വേഗത്തില്‍ വെല്ലുവിളികളെ വള്ളപാടിനു തുഴഞ്ഞു തോല്‍ പ്പിക്കുന്ന ചുണ്ടന്റെ കുതിപ്പ്.।।മനുഷ്യ മനസ്സില്‍ ജാതി മത വര്‍ഗ്ഗീയ ചിന്തകള്‍ പിടിമുറുക്കുന്ന വര്‍ത്തമാനകാല യാഥാര്‍ത്യത്തില്‍ ജലോല്‍സവങ്ങള്‍ക്കു നിര്‍ണായക പങ്കു വഹിക്കാനുണ്ട്।.


കുട്ടനാടിന്റെ നിഷ്കളങ്കതയും പച്ചവിരിപ്പും കടലും കായലും കയറും ഒപ്പം ആവേശത്തിന്റെ ആര്‍പ്പുവിളികളും നിറഞ്ഞ ജനമൈത്രിയുടെ ഉല്‍സവങ്ങള്‍ക്കു തുഴ വീഴുമ്പോള്‍ ആരാണു ആലപ്പുഴയുടെ എന്റെ കുട്ടനാടിന്റെ ഹൃദയത്തില്‍ അലിഞ്ഞു ചേരാത്തതു.... ।അതേ വീണ്ടുമൊരു ജലമാമാങ്കത്തിനു കുട്ടനാടു കാതോര്‍ക്കുകയാണു.................................


"കുട്ടനാടന്‍ പുഞ്ചയിലേ,


കൊച്ചുപെണ്ണേ കുയിലാളേ।"



ഓ തിത്തിതാരൊ തിത്തി തെയ് തിതെയ് തക തെയ് തെയ് തോം ...............

Sunday, May 9, 2010

നേരറിവ്...........

നിലാവില്‍ നിറഞ്ഞുനിന്ന കിനാവിന്റെ പൂക്കളങ്ങള്‍
മധുരമാം ജീവിതത്തില്‍ നിറക്കൂട്ടൂകള്‍ പകര്‍ന്നുനല്കി,

അമാവാസി നാളില്‍ നിന്നും അടര്‍ന്നുവീണ കാര്‍മേഘങ്ങള്‍
കണ്ണീരിന്‍ തുള്ളികളായ് ജീവിതത്തില്‍ പെയ്തിറങ്ങി,

കാലത്തിന്‍ രഥചക്രങ്ങള്‍ നാഴികകള്‍ പിന്നിടുമ്പോള്‍
കൂരിരുളുംവെളിച്ചവുമായ് യാഥാര്‍ത്യങ്ങള്‍ പോയ് മറയുന്നു,

പ്രണയത്തിന്‍ തിളക്കമോ വിരഹത്തിന്‍ തേങ്ങലോ
വിശപ്പിന്റെ കാഠിന്യത്തില്‍ നീര്‍ക്കുമിളകള്‍ മാത്രമായ്,

ആണിനുമാത്രമായാഘോഷങ്ങള്‍ നിറയുന്നെങ്ങും
പെണ്‍ ഭ്രൂണഹത്യക്കായ് കാഹളങ്ങള്‍ മുഴങ്ങുന്നിവിടെ ,

തഴുകാത്ത തെന്നലായി പെയ്യാത്തവര്‍ഷമായ്
ആഴിതന്‍ ഭാവംപോലെ മര്‍ത്ത്യന്റെ മാനസങ്ങള്‍ .....

Copy Right (C) 2010 MaheshCheruthana

Tuesday, April 13, 2010

വിഷുക്കണി...........


കണിക്കൊന്നപൂത്തനേരം
മനസ്സിന്റെ താഴ്വരയില്‍
ആയിരം പൂത്തിരികള്‍ പ്രഭ ചൊരിഞ്ഞു..

മേടത്തിന്‍ പുലരിയില്‍
പൊന്‍ കണികാണണം..
കണ്ണന്റെ തിരുമുന്‍പില്‍
നിറദീപം തെളിക്കണം ..

കാലത്തിന്‍ പുണ്യമായ്
കൈനീട്ടം വാങ്ങണം ...
ഇനിയൊരു വിഷുക്കണിക്കായ്
കാലത്തെ കാക്കണം !!!
ചിത്രം കടപ്പാട് :സോണ്‍ കേരളാഡോട്കോം
Copy Right (C) 2010 MaheshCheruthana

Sunday, January 24, 2010

നഷ്ടപ്രണയം ...........................

സായന്തനത്തിന്റെ ജാലകവാതിലില്‍,
വാര്‍മഴവില്ലു നിറഞ്ഞനേരം....
ഓര്‍ മ്മയില്‍ തെളിയുന്നുപോയകാലം.....

ആമലര്‍ വാടിയും പൂത്തമരങ്ങളും,
ആമലര്‍ ചൂടിയ പാവമെന്‍ തോഴിയും ,
എനിക്കായ് മീട്ടിയതന്ത്രിതന്നീണവും,
മറക്കില്ല ഞാന്‍ സഖീ നേരിന്റെ നാള്‍ വരെ ....

പ്രിയസഖി എന്തിനോ പ്രണയിച്ചിരുന്നു നാം
,
ജീവിതയാത്രയില്‍ ഓര്‍ മ്മിക്കുവാന്‍ ..
എന്‍സഖി എപ്പൊഴൊ കലഹിച്ചിരുന്നു നാം ,
തീവ്രതയാര്‍ന്നൊരു നൊമ്പരമായ് ..

വിധിയുടെ കൈകളാല്‍ വേര്‍പിരിഞ്ഞെങ്കിലും ,
ആത്മാവില്‍ നിറയുന്നു ദീപ്തസ്നേഹം ......
നിറവാര്‍ന്ന മഞ്ഞിന്‍ കണങ്ങള്‍ പോലെ ,
ശരത് കാല മേഘവിശുദ്ധിപോലെ ......

Copy Right (C) 2010 MaheshCheruthana

Tuesday, November 17, 2009

ഒരു ചോദ്യം ?????

ഒഴുകുന്ന പുഴയിലെ കുഞ്ഞോളമെന്നോടു
പതിവായി ചൊല്ലുന്ന കാര്യമുണ്ടു!

കുഞ്ഞിളം കാറ്റും നിറയും സുഗന്ധവും
മനസ്സില്‍ നിറയ്ക്കും സ്വകാര്യമുണ്ടു!

പൊന്നിന്‍ കണിക്കായ് മാത്രം വിരിയുന്ന

കൊന്നക്കുമുണ്ടൊരു ചോദ്യമിന്നു!

മാമ്പഴം ആവോളം തിന്നു രസിക്കുന്ന

അണ്ണാറക്കണ്ണനുമാശങ്കയില്‍ !

വിരിയുന്ന പൂവിന്റെ മന്ദസ്മിത്തിലും

നിഴലിച്ചു കാണുന്നു നഷ്ടബോധം !

പിഞ്ചിളം കുഞ്ഞിന്റെ പാലൂറും പുഞ്ചിരി

ഓര്‍മ്മയില്‍ മാത്രം ഒതുങ്ങിനിന്നു!

ഓര്‍ക്കുക മര്‍ത്ത്യരേ നിങ്ങള്‍തന്‍ ചെയ്തികള്‍
അമ്മയാം ക്ഷോണിതന്‍ വേദനകള്‍!!!


Copy Right (C) 2009 MaheshCheruthana.

Saturday, May 2, 2009

പ്രിയ കലാലയമേ...................

നീയെന്റെ മനസ്സിലെ സ്വർഗമല്ലേ,
അണയുവാനാവാത്ത ദീപമല്ലേ!


നീയൊരു നന്മതൻ തരുവല്ലേ,
വസന്തങ്ങൾ നിറയുന്ന വാടിയല്ലേ !


അക്ഷര വിസ്മയം ആവോളം കാട്ടി നീ,
വിജ്ഞാന യാത്രയിൽ സാരഥ?യായി !

പൊരിയുന്ന വെയിലിലും കുളിരുന്ന ഓർമയായ്‌,
തെളിയുന്നു നിന്റെ സ്നേഹ സാമീപ്യം!

സൗഹൃദം നിറയുന്ന സ്നേഹകുംഭങ്ങളാൽ,
നീയെന്റെ ഉള്ളം നിറച്ചു തന്നു!

പൊരുതിജയിക്കുവാൻ മുന്നേറുവാൻ നീ,
ആവോളം ഊർജം പകർന്നു തന്നു!


അഛനുമമ്മക്കുമൊപ്പം ഗുരുവിനെ,
കാണണമെന്നു നീ ചൊല്ലി തന്നു!

മൊഴികളിൽ മാധുര്യം നിറയുവാനെപ്പോഴും,
നന്മതൻ വീഥ?യിൽ നീ നയിച്ചു!

പ്രണയത്തിൻ നോവുകൾ എന്നിൽ നിറച്ചു നീ,
പ്രണയാർദ്രമാക്കിയെൻ അന്ത:രംഗം!

ആലംബഹീനരെ നമ്മളായി കാണുവാൻ,
മിഴിയിൽ പ്രകാശം നിറച്ചു തന്നു!

കാലത്തിൻ ഇതളുകൾ കൊഴിയുന്ന വേളയിൽ,
കണ്ണീരാൽ നീയെന്തെ പെയ്തിറങ്ങി !

എങ്കിലും നിന്നിലെ പോയവസന്തങ്ങൾ,
ജീവിത യാത്രയിൽ ഓർമകളായി!!!!!

Copy Right (C) 2009 MaheshCheruthana

Sunday, February 3, 2008

പ്രണയം...................

താമരയിതളിലായ്‌ നിറയുന്ന
മധുകണം പോലെ സമൃദ്ധമാം പ്രണയം.

മനസിന്റെ കോണിലായി
താനെ വിരിഞ്ഞൊരു വാര്‍മഴവില്ലാണു പ്രണയം.

സൂര്യ ‍താപത്തെക്കാളും കരുത്തുള്ള
അഗ്നിതന്‍ നാളമാണീ പ്രണയം.

ആത്മാവിന്‍ നൂലിലായി
സ്നേഹംകൊരുക്കുന്ന സുവര്‍ണമാല്യം പ്രണയം

കുഞ്ഞിളം കാറ്റിന്റെ ശീതള സ്പര്‍ശമായി
നിറയുന്ന അനുഭൂതി പ്രണയം.

ആഴിതിരകള്‍ പോലെ നിഗൂഢമാം
ഭാവങ്ങള്‍ തീര്‍ക്കുന്ന പ്രണയം.

ഹൃദയാക്ഷരങ്ങളാല്‍ സ്നേഹം
തുളുമ്പുന്ന അനുരാഗഗാനമീ പ്രണയം.

വിരഹത്തിന്‍ നൊമ്പരം ഉമിത്തീയാല്‍
നീറുമ്പോള്‍ കണ്ണീരാല്‍ കുതിരുന്നു പ്രണയം!!!!!!!!।

Copy Right (C) 2008MaheshCheruthana

Wednesday, January 23, 2008

തുലാ മഴ................

മഴയതു ചിന്നം പെയ്യുന്നു
മാനത്തൂടിടി പായുന്നു

വെള്ളിവെളിചം വീശുന്നു
വെള്ളിടിയായതു വെട്ടുന്നു

തുമ്പികളെല്ലാം അകലുന്നു
പറവകളെല്ലാം കരയുന്നു

ചേമ്പില പോലും തുള്ളുന്നു
പൂവുകളെല്ലാം കൊഴിയുന്നു

മണ്ണും വിണ്ണും ഇരുളുന്നു
തുലാ മഴയാണിതു സൂക്ഷിച്ചോ!!!!!!!!!!!


Copy Right (C) 2008MaheshCheruthana

Sunday, December 30, 2007

ഒരു യാത്രാമൊഴി..................

ഇതു ഡിസംബറിന്റെ യാത്രാമൊഴി.
ഓര്‍മകളുടെ വിസ്മയഭൂവില്‍ ഒരായിരം
വര്‍ണങ്ങള്‍ നിറചു ഒരു വര്‍ഷം കൂടി വിടപറയുകയാണു.
ഡിസംബറിന്റെ നക്ഷത്ര രാവുകള്‍ക്കു പോലും
വിടവാങ്ങലിന്റെ നനുത്ത സ്പര്‍ശം.
പുലരിയുടെ പൊന്‍പ്രഭയിലും
നഷ്ടപ്പെടലിന്റെ മിഴിനീര്‍കണങ്ങള്‍.
മനസ്സില്‍ താലോലിക്കാന്‍ മഴവില്ലിന്റെ
വര്‍ണരാജികളും നൊമ്പരത്തിന്റെ കുളിരും
നല്‍കി മോഹങ്ങളും മോഹഭംഗങ്ങളും ബാക്കിയാക്കി
കാലത്തിന്റെ അരങ്ങില്‍ നിന്നും
നക്ഷത്രങ്ങളുടെ തോഴി നടന്നകലുകയാണു.
ഇനി യാത്രാ മൊഴി മാത്രം!!!
ഒപ്പം പുതിയ പ്രതീക്ഷകളും!!!

"എല്ലാ ബൂലോകര്‍ക്കും ഹൃദ്യമായ പുതുവല്‍സര ആശംസകള്‍"